Tuesday, July 21, 2009

സുന്ദരിയുടെ പന്നിക്കുട്ടി

ഇവള്‍ സുന്ദരി....

ഏത് സുന്ദരീന്നോ? കൊള്ളാം, ഇതവള് തന്നെ നമ്മടെ മിസ്സ്‌ എഞ്ചുവടി, ആ വായനശാലേടെ അപ്പുറത്തെ വീട്ടിലെ സുന്ദരിയെ അറിയന്മേലെന്നോ, നല്ല കാര്യം ആയിപ്പോയി, ലവളെ അറിയാത്ത ആരേലും ഒണ്ടോ ഈ നാട്ടില്‍? ഇവള്‍ മേലേടത്തെ കുഞ്ഞിരാമന്‍ നായരുടെയും ദാക്ഷായണി അമ്മയുടെയും മകളാകാം, തൈപ്പറമ്പില്‍ ചാക്കോച്ചന്‍റെയും മേരി ചേടത്തിയുടെയും മകളും ആകാം, അല്ലെങ്കില്‍ ആലിപ്പീടികയില്‍ ഹൈദ്രോസാജിയുടെയും സുഹ്രാബിയുടെയും മകളും ആകാം.

ആരായാലും എന്തായാലും, ആ ചെറു പട്ടണത്തിലെ ഏക ഉപരിപഠന സ്ഥാപനമായ എഞ്ചുവടി (ക്ഷമിക്കണം എന്‍. ജി. അടിയോടി ) ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലെ -പാരലല്‍ കോളേജിലെ -കുമാരന്മാരുടെ കണ്ണിലെ കരടാണിവള്‍, ക്ഷമിക്കണം കരളാണവള്‍. പേരുപോലെ തന്നെ സുന്ദരി ആണെങ്കിലും അതിന്‍റെ അഹങ്കാരം നല്ലോണം ഉള്ള കൂട്ടത്തിലാ.

സുന്ദരിയെ അറിയുന്നവര്‍ സുന്ദരിയുടെ സഹപാഠികളെ, സഹാപാഠന്മാരെയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാകുന്നു. കുറഞ്ഞ പക്ഷം കുറച്ചു പേരെയെങ്കിലും. ഇതില്‍ ചിലരൊക്കെ സുന്ദരിയുടെ അതീവ രഹസ്യ ആരാധകരും ആകുന്നു.

ഇവരെ ഒക്കെ വഴിയേ പരിചയപ്പെടാം, ഇവരൊക്കെ ഇവിടൊക്കെ തന്നെ കാണുമെന്നെ, പേടിക്കണ്ട. സുന്ദരിയെ അറിഞ്ഞാല്‍ ഇവരെ ഒക്കെ താനെ അറിയും.

ഉച്ചയൂണു കഴിഞ്ഞുള്ള ക്ലാസ്സിലെ പതിവു വെടിപറച്ചില്‍
ആഗോള പ്രശ്നങ്ങളും ദേശീയ രാഷ്ട്രായവും അമീര്‍ ഖാന്‍റെ സിനിമയും ഒക്കെ കഴിഞ്ഞു വന്നെത്തി നിന്നത് വളര്‍ത്തു മൃഗങ്ങളിലാണ്‌. (ഇവറ്റകളെക്കാള്‍ ഭേദം വളര്‍ത്തുമൃഗങ്ങള്‍ തന്നെ എന്നാണ് അടിയോടി സാറിന്‍റെ ഭാഷ്യം)
പത്തുംപതിനഞ്ചും ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുക്കളുടെയും എരുമകളുടെയും ഗുണഗണങ്ങള്‍ അനര്‍ഗ്ഗ നിര്‍ഗ്ഗളമായി പ്രവഹിച്ചു തുടങ്ങി.
സുന്ദരിയും വിട്ടില്ല.
" ഞങ്ങടെ വീട്ടില്‍ ഒരു പന്നികുട്ടി ഉണ്ടാരുന്നു."
"ഉണ്ടാരുന്നോ? എന്നിട്ട് ഇപ്പൊ അതെവിടെപ്പോയി?
ഉച്ചമയക്കത്തീന്നുണര്‍ന്ന ജോസപ്പ്കുട്ടി ആണ് ബാക്കി പറഞ്ഞതു.
"ഇപ്പ അത് കോളേജിലാ "